പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രാഹുൽ; ഫോൺ സംഭാഷണം പുറത്തുവിട്ട് പ്രതിരോധം
Sunday, August 24, 2025 3:11 PM IST
തിരുവനന്തപുരം: ആരോപണങ്ങൾക്കും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും രാജി ആവശ്യങ്ങൾക്കുമിടയിൽ വീണ്ടും മാധ്യമങ്ങളോടു പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുൽ പറഞ്ഞു.
തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്ത്തകന് നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായതെന്നും രാഹുൽ അറിയിച്ചു.
അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്ന രാഹുൽ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ കൂടുതൽ ശക്തമാണ്. മുതിർന്ന നേതാക്കളും വനിതാ നേതാക്കളുമടക്കം രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുലിന്റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു.
രാഹുല്‍ രാജിവച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയപരിധിയുള്ളൂ. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയരുന്നുണ്ട്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാജിക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും.