അന്ന് പറയാതിരുന്നത് ജീവനിൽ ഭയമുള്ളതിനാൽ; രാഹുലിന് മറുപടിയുമായി അവന്തിക
Sunday, August 24, 2025 4:18 PM IST
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക. രാഹുല്‍ പുറത്തു വിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും മാധ്യമപ്രവര്‍ത്തകനോട് അന്ന് വെളിപ്പെടുത്താനായില്ലെന്നും അവന്തിക പറഞ്ഞു.
പിന്നീട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത് അതേ മാധ്യമപ്രവര്ത്തകനോടാണെന്നും അവന്തിക പറഞ്ഞു. രാഹുലിനെ ഭയന്നാണ് നേരത്തെ തുറന്നു പറയാതിരുന്നതെന്നും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അവന്തിക വ്യക്തമാക്കി.
"മാധ്യമപ്രവര്ത്തകന് വിളിച്ചത് രാഹുലിനോട് പറഞ്ഞിരുന്നു. സൗഹൃദമുള്ളപ്പോഴാണ് രാഹുലിനോട് പറഞ്ഞത്. സൗഹൃദം മുതലെടുത്താണ് മോശം മെസേജ് അയച്ചത്. എനിക്ക് അയച്ച മെസേജ് രാഹുല്‍ കാണിക്കാത്തതെന്ത്?' അവന്തിക ചോദിച്ചു.
"അന്ന് പറയാതിരുന്നത് ജീവന് ഭയന്നിട്ടാണ്. എനിക്ക് പേടിയുണ്ടായി. ഇപ്പോഴും ടെൻഷനുണ്ട്. ഇതൊക്കെ വെളിപ്പെടുത്തതിന് ശേഷം എനിക്ക് നേരെ സൈബർ ആക്രമണമുണ്ട്. ഫോൺ കാൾ വരുന്നു' എന്നും അവന്തിക വ്യക്തമാക്കി.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ പാര്‍ട്ടിക്ക് കാരണം തലകുനിക്കേണ്ടി വരരുത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.