വിദ്യാർഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; എസ്എഫ്ഐ പ്രവർത്തകന് മർദനം
Sunday, August 24, 2025 7:12 PM IST
കണ്ണൂർ: വിദ്യാർഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് മർദനം. തൊട്ടടയിലാണ് സംഭവം.
എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ.എം. വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്നിനാണ് സംഭവം.
തോട്ടട എസ്എൻജി കോളജിന് മുന്നിൽ വിദ്യാർഥിനിയെ ശല്യം ചെയ്തത് വൈഷ്ണവ് ചോദ്യം ചെയ്തു. പിന്നാലെ ബൈക്കിൽ എത്തിയ സംഘം വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂർച്ചയേറിയ ആയുധത്തിന്റെ ഒരു ഭാഗം കാലിൽ തറച്ചുകയറിയ വൈഷ്ണവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
സംഭവത്തില്‍ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം ഉൾപ്പടെ പരിശോധിക്കുകയാണ് പോലീസ്.