50 ശതമാനം തീരുവ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന് ആവർത്തിച്ച് ഇന്ത്യ, പ്രതികാര തീരുവ പരിഗണനയിൽ
Wednesday, August 27, 2025 12:31 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴും അമേരിക്കയുടെ വിരട്ടലിന് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകൾക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.
കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ തീരുവ വർധനയ്ക്ക് പ്രതികാരമായി യുഎസ് ഉത്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.