ഗാസ അൽ നാസർ ആശുപത്രിയിലെ ആക്രമണം; ഹമാസിന്റെ നിരീക്ഷണ കാമറ തകർക്കാനെന്ന് ഇസ്രയേൽ
Wednesday, August 27, 2025 2:21 AM IST
ഗാസ സിറ്റി: ഹമാസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകർക്കാനാണ് ഗാസയിലെ അൽ നാസർ ആശുപത്രിക്കു നേരേ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം. അൽ നാസർ ആശുപത്രിയിലെ മിസൈൽ ആക്രമണത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ഇസ്രയേൽ സൈന്യം.
സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഹമാസ് കാമറ സ്ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങൾ ആരോപിച്ചു. മാധ്യമപ്രവർത്തകർ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇസ്രയേൽ പറഞ്ഞു. അൽ നാസർ ആശുപത്രിക്കു നേരെ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകരടക്കം 20 പേരാണ് കൊല്ലപ്പെട്ടത്.
ആശുപത്രിക്കുനേരെയുള്ള ആക്രമണത്തെ യൂറോപ്യൻ യൂണിയൻ, യുകെ, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. മാധ്യമപ്രവർത്തകർ കൊല്ലപ്പെടാനിടയായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. അതേസമയം ഗാസയിൽ അടുത്ത ഘട്ടത്തിലെ നടപടി സംബന്ധിച്ച് തീരുമാനിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ കാബിനറ്റ് യോഗം ചേർന്നു.
ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 75 പലസ്തീൻകാർകൂടി കൊല്ലപ്പെട്ടു. ഇതിൽ 17 പേർ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 62,819 പലസ്തീൻകാർ കൊല്ലപ്പെട്ടു. മൂന്നു പേർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 117 കുട്ടികളടക്കം 303 ആയി.