ജമ്മുകാഷ്മീരിൽ കനത്ത മഴ: ഒമ്പതുമരണം; 22 ട്രെയിനുകൾ റദ്ദാക്കി
Wednesday, August 27, 2025 3:22 AM IST
ശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മുകാഷ്മീരിൽ 22 ട്രെയിനുകൾ റദ്ദാക്കി. നദികൾ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് ജമ്മു മേഖലയിൽ അനുഭവപ്പെടുന്നത്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ പെയ്യുന്നത്. കിഷ്ത്വാറിലെ പദ്ദർ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി, റാംനഗർ-ഉധംപൂർ, ജംഗൽവാർ-തത്ത്രി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. രവി നദിയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങി. ചെനാബ് നദിയിലും ജലനിരപ്പ് ഉയർന്നു.
സാംബയിലെ ബസന്തർ നദിയും കരകവിഞ്ഞ നിലയിലാണ്. റിയാസി ജില്ലയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒമ്പതു പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്.