ട്രംപിന്റെ അധിക തീരുവ ഇന്ന് പ്രാബല്യത്തിൽ; കരട് വിജ്ഞാപനമിറക്കി
Wednesday, August 27, 2025 4:33 AM IST
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യക്കുമേൽ പിഴയായി ചുമത്തിയ 25 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥിരീകരിച്ചു.
യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01നുശേഷം (ഇന്ത്യന്‍സമയം പകല്‍ ഒമ്പത്) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴതീരുവ ബാധകമാകും. നിലവിലെ 25 ശതമാനം തീരുവ ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
റഷ്യയില്‍നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രെയ്ന് യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞ ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച് ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കഴിഞ്ഞ ഏഴിന് നിലവില്‍വന്നിരുന്നു. യുഎസിന്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 1,31,800 ഡോളറിന്റെ (11.54 ലക്ഷംകോടി രൂപ) ഉഭയകക്ഷിവ്യാപാരമാണ് 2024-25ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്.