ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും
Wednesday, August 27, 2025 10:21 AM IST
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പോലീസ് ചോദ്യം ചെയ്യും.
നടിക്കൊപ്പമുണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോനു എന്നിവരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട ലക്ഷ്മി മേനോൻ ഒളിവിലാണെന്നാണ് സൂചന.
പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാർ ഷാ സലീമിനാണ് മർദനമേറ്റത്. തന്നെ തട്ടിക്കൊണ്ടു പോയവരുടെ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു സംഭവത്തിന്റെ തുടക്കം. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്ക് നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്ന് മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു.
രാത്രി 11.45ഓടെ കലൂരിൽവച്ച് കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തിങ്കളാഴ്ച നോർത്ത് പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു.