വിമാനജീവനക്കാരെ മർദിച്ച സൈനികന് യാത്രാവിലക്കേർപ്പെടുത്തി സ്പൈസ് ജെറ്റ്
Wednesday, August 27, 2025 11:41 AM IST
ന്യൂഡൽഹി: വിമാനത്താവളത്തിൽ അധിക ലഗേജിന് പണമടക്കാൻ ആവശ്യപ്പെട്ടതിന് ജീവനക്കാരെ മർദിച്ച സൈനിക ഉദ്യോഗസ്ഥന് അഞ്ചു വർഷത്തേക്ക് യാത്രാ വിലക്ക് പ്രഖ്യാഖിച്ച് സ്പൈസ് ജെറ്റ്.
ജൂലൈയിൽ ശ്രീനഗർ വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥന് വിലക്കേർപ്പെടുത്തിയത്.
ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഡൽഹിയിലേക്കുള്ള യാത്രക്കായി എത്തിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു വിമാന കമ്പനി ജീവനക്കാർക്കെതിരെ പരാക്രമം നടത്തിയത്.
അനുവദനീയമായ ഏഴ് കിലോ കാബിൻ ബാഗേജിന് പകരം രണ്ട് ബാഗുകളിലായി 16 കിലോ ലഗേജുമായെത്തിയ സൈനിക ഓഫീസറോട് അധിക ഭാരത്തിന് പണം അടക്കാൻ കൗണ്ടർ സ്റ്റാഫ് ആവശ്യപ്പെടുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ബഹളം വച്ചാണ് ഇയാൾ ജീവിനക്കാർക്കെതിരെ തിരിഞ്ഞത്. വിമാനത്താവളത്തിലെ ബോർഡ് ഉൾപ്പെടെ എടുത്തായി ജീവനക്കാർക്കെതിരെ മർദനം. ഒരാൾക്ക് നട്ടെല്ലിന് പരിക്കേൽക്കുകയും മറ്റുള്ളവർക്ക് സാരമായ പരിക്കും സംഭവിച്ചു.
ജൂലൈ 26ന് നടന്ന സംഭവം സിസിടിവി വീഡിയോ സഹിതം ഓഗസ്റ്റ് മൂന്നിനാണ് സ്പൈസ് ജെറ്റ് പുറത്തുവിടുന്നത്.
സൈനികനെതിരെ പോലീസ് കേസുമെടുത്തു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിനു പിന്നാലെയാണ് വ്യോമയാന നിയമപ്രകാരമുള്ള അഞ്ചുവർഷത്തെ യാത്രാ വിലക്ക് തീരുമാനിച്ചത്. ഇതു പ്രകാരം, സ്പൈസ് ജെറ്റ് എയർലൈൻസിൽ ആഭ്യന്തര, അന്താരാഷ്ട്ര, നോൺ ഷെഡ്യൂൾ വിമാനങ്ങളിൽ ഇയാൾക്ക് യാത്രാനുമതിയുണ്ടാവില്ല.