ശമ്പളം മുൻകൂറായി നൽകിയില്ല; സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ
Wednesday, August 27, 2025 12:24 PM IST
ന്യൂഡൽഹി: ശമ്പളം മുൻകൂറായി നൽകാത്തതിനെ തുടർന്ന് തൊഴിലുടമയുടെ ഓഫീസ് കൊള്ളയടിച്ച് 4.5 ലക്ഷം രൂപ കവർന്ന ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. ഡൽഹിയിലെ ദ്വാരക ജില്ലയിലെ നജഫ്ഗഡിലാണ് സംഭവം.
സംഭവം നടന്ന് എട്ടു മണിക്കൂറിനുള്ളിൽ പ്രതികളെ ദ്വാരക പോലീസിന്റെ ആന്റി-ബർഗ്ലറി സെൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 3.14 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നജഫ്ഗഡിലെ താമസക്കാരനായ മുകുൾ ജെയിനിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 4.5 ലക്ഷം രൂപ കാണാതായിരുന്നു. പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് മുഖം മറച്ച് ഗോഡൗണിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയിരുന്നു. തുടർന്നാണ് പണം കവർന്നത്.
സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. മുംതാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും സംഭവ സമയം ഇയാളുടെ ലൊക്കേഷൻ ഗോഡൗണിൽ ആയിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി.
ചോദ്യം ചെയ്യലിൽ, ശമ്പളം മുൻകൂറായി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാനും തന്റെ തൊഴിലുടമയെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ മോഷണം നടത്തിയതെന്നും മുംതാസ് പോലീസിനോടു പറഞ്ഞു.