ഉരുട്ടിക്കൊലക്കേസ്; കോടതിക്ക് ഹൃദയമില്ലെന്ന് ഉദയകുമാറിന്റെ അമ്മ
Wednesday, August 27, 2025 1:53 PM IST
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി ഉത്തരവ് അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ.
കോടതിക്ക് ഹൃദയമില്ലെന്നും പ്രതികള്‍ പുറത്തിറങ്ങാനായി ആരൊക്കെയോ ശ്രമിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
"കോടതിക്ക് കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു. ഉള്ളംകാല് കണ്ടാല്‍ അപ്പോഴേ ബോധംകെട്ട് വീഴും. അപ്പോളാ കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്. അത് ശരി. അപ്പോള്‍ ആര്‍ക്കും എന്തുംചെയ്യാം അല്ലേ. ആണിനും പെണ്ണിനും ഒരു ഹൃദയമേയുള്ളൂ. ഹൃദയമില്ലാത്ത എത്രയോപേര്‍ ലോകത്തുണ്ടെന്നാ. ഇപ്പോള്‍ ആര്‍ക്കും ഹൃദയമില്ലെന്നാണ് തോന്നുന്നത്. ഹൈക്കോടതിക്കും ഹൃദയമില്ല. ഒരുകോടതിക്കും ഹൃദയമില്ല. ഒരേയൊരു ഹൃദയമേയുള്ളൂ. ഇപ്പോള്‍ കോടതിക്ക് ഹൃദയമില്ല. ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു. ഹൃദയമുണ്ടെങ്കില്‍ കോടതി ഈ വാക്ക് പറയില്ലായിരുന്നു'.
"ഇത്രയുംചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളിയുണ്ട്. കള്ളക്കളിയുമായി ഇതിനുപിന്നില്‍ ആരോ ഉണ്ട്. ആരെയാണ് സംശയമെന്ന് പറയാന്പറ്റില്ല. പക്ഷേ, ആരോ ഉണ്ട്. അതാണ് പ്രതികള്‍ പുറത്തിറങ്ങാന്‍ കാരണം. പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെന്നതാണ് തന്റെ ആവശ്യം. ഇപ്പോള്‍ പുറത്തിറങ്ങിയവരെ അകത്താക്കണമെന്നും' പ്രഭാവതിയമ്മ പറഞ്ഞു.
പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട് ബുധനാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്.
കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.