പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നു: മുഖ്യമന്ത്രി
Wednesday, August 27, 2025 2:34 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നുവെന്നും മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കും. ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതൊന്നും മറ്റൊരു രീതിയിലല്ല. വികാരം പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്മികതയുമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
പലതിന്റെയും ബാധ്യതയായി ഒരാളെ സംരക്ഷിക്കുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ. അദ്ദേഹം പ്രകോപിതനാവുകയാണ്. എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരാള്‍ പോകാന്‍ പാടില്ല. വിഷയത്തില്‍ തന്റെ പാര്‍ട്ടില്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ എന്തുകൊണ്ട് അഭിപ്രായംപറഞ്ഞുവെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.