താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; റോഡ് ഗതാഗത യോഗ്യമാക്കുന്നത് വൈകും
Wednesday, August 27, 2025 4:56 PM IST
കല്‍പ്പറ്റ: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് ഇവിടെ മണ്ണിടിഞ്ഞത്.
നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്.
ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. 20 മണിക്കൂറിലധികമായി താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മണ്ണും കല്ലും മാറ്റുന്നതിന് വേഗതയില്ലെന്നാണ് ഉയരുന്ന വിമർശനം.
വൈത്തിരിയിൽ രാവിലെ മുതൽ കാത്തുനിൽക്കുന്നത് നിരവധിപേരാണ്. രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്. പാറയും മണ്ണും നീക്കം ചെയ്തശേഷം സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു
മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റ് ,ദേശീയപാത അതോറിറ്റി അധികൃതരും മലയുടെ മുകളിൽ പരിശോധന നടത്തി.. നിലവിൽ ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു.