സ്കൂളിലെ ശുചിമുറിയിൽ അഞ്ചാം ക്ലാസുകാരി പൊള്ളലേറ്റു മരിച്ചു
Thursday, August 28, 2025 1:05 AM IST
പാറ്റ്ന: ബിഹാറിലെ സർക്കാർ സ്കൂളിലെ ശുചിമുറിയിൽ പെൺകുട്ടി പൊള്ളലേറ്റ് മരിച്ച നിലയിൽ. ശുചിമുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ജീവനക്കാർ ഓടിയെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കണ്ടെത്തിയത്.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിലേക്ക് നയിച്ചത് എന്താണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
സ്കൂൾ അധികൃതരുടെ അശ്രദ്ധയാണ് മകളുടെ മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്കൂൾ കെട്ടിടം തകർത്തു. പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. ഫൊറൻസിക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.