തൊഴിലാളികൾക്ക് ഉത്സവബത്ത പ്രഖ്യാപിച്ച് സർക്കാർ
Thursday, August 28, 2025 2:34 AM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2250 രൂപ വീതം എക്സ്ഗ്രേഷ്യ ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവർക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു.
ഏജന്റുമാരുടയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയിൽനിന്ന് 2750 രൂപയായി വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്റ്റ് കൂപ്പണുകൾ വിതരണം ചെയ്യും. 2149 തൊഴിലാളികൾക്ക് കിറ്റ് ഉറപ്പാക്കാൻ 21.49 ലക്ഷം രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചു. 2000 രൂപവീതം ലഭിക്കും. 12,500 തൊഴിലാളികൾക്കാണ് അർഹത. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു.