വയനാട് തുരങ്ക പാത നിർമാണം ഓഗസ്റ്റ് 31ന് ആരംഭിക്കും
Thursday, August 28, 2025 3:32 AM IST
തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമാണത്തിന് ഈ മാസം 31ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൊങ്കൺ റെയിൽവേ കോർപറേഷനാണ് പാതയുടെ നിർവഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി ഇതിനകം കൈമാറിയിട്ടുണ്ട്.
90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചു. രണ്ട് പാക്കേജുകളിലായാണ് നിർമാണം പൂർത്തിയാക്കുക.പാലവും അപ്രോച്ച് റോഡും അടങ്ങുന്നതാണ് ഒന്നാമത്തെ പാക്കേജ്. ടണൽ പാത നിർമാണമാണ് രണ്ടാമത്തെ പാക്കേജിൽ.
നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദസംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാകും.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോ മീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. ചുരത്തിലെ യാത്രാദുരിതത്തിനും പരിഹാരമാകും. മലയോരമേഖലയുടെ വികസനത്തിന് ഗുണകരമായ ചരിത്രനേട്ടമായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.