രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
Thursday, August 28, 2025 5:03 AM IST
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സ്ത്രീകളെ ശല്യപ്പെടുത്തൽ, ഒളിഞ്ഞുനോട്ടം, വിരട്ടൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ അവരുടെ താത്പര്യത്തിനു വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ സന്ദേശങ്ങൾ അയച്ചു, ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ക്കാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.