ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമെന്ന് രാജീവ് ചന്ദ്രശേഖര്‍
Thursday, August 28, 2025 12:11 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ പിന്നെ എന്താണ്?. ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയല്ലെങ്കില്‍ പിന്നെന്തിനാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാന്‍ മന്ത്രി പോയത്?.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റല്ലേ പോകേണ്ടത്?. തെരഞ്ഞെടുപ്പിന് നാലഞ്ചു മാസം മാത്രം ബാക്കിയിരിക്കെ ഇപ്പോള്‍ അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടു തന്നെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എപ്പോഴാണ് അയ്യപ്പ ഭക്തനായത് ?. ഇതിനെ രാഷ്ട്രീയമായിട്ടാണ് ജനങ്ങള്‍ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ദൈവവിശ്വാസിയല്ല. അദ്ദേഹം നാസ്തികനാണ്.
അയ്യപ്പ സംഗമം ആരാധനയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 18 തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയ തനിക്ക് ഒന്നു മറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പകരം നാസ്തികനായ മുഖ്യമന്ത്രി ഇതിനേപ്പറ്റി പറയുമ്പോള്‍ ആരെയാണ് ജനം വിശ്വസിക്കുകയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
ഇത് ആരാധനയുടെ ഭാഗമാണെങ്കില്‍, അയ്യപ്പ ഭക്തരുടെ വിശ്വാസം ബഹുമാനിക്കുന്ന പരിപാടിയാണെങ്കില്‍ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കരുത്. ഹിന്ദു വൈറസാണെന്ന് പറയുന്ന ഡിഎംകെയും, ഹിന്ദു ഭക്തരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും അവിടെ പോകാന്‍ പാടില്ല. അത് അപമാനമാണ്.
വിശ്വാസികളായ ഞങ്ങളുടെ അഭിപ്രായമാണ് കേള്‍ക്കേണ്ടത്. വിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയാണോ ഈ പരിപാടി നടത്തേണ്ടത്. 10 കൊല്ലമായി ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യവും ചെയ്യാത്ത ദേവസ്വം ബോര്‍ഡാണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കില്‍ നടത്തിക്കോട്ടെ. അതിനെതിരെ ബിജെപി ഒന്നും പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.