വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Thursday, August 28, 2025 12:29 PM IST
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കെ.കെ. രമ എംഎൽഎയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓണം വൈബ് ഉദ്ഘാടനം ചെയ്ത് വടകര ടൗൺ ഹാളിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ബാനറും കൊടിയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയെ തടഞ്ഞ് പ്രതിഷേധിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ തയാറായില്ല.
എന്നാൽ കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രവർത്തകരോട് ഷാഫിയും തട്ടിക്കയറി. പ്രതിഷേധിച്ചോളു, അത് നിങ്ങളുടെ അവകാശമാണെന്നും ആവശ്യമില്ലാത്തത് പറയരുതെന്നും ഷാഫി പറഞ്ഞു. ഏറെ പണിപെട്ടാണ് പ്രവർത്തകരെ പോലീസ് സ്ഥലത്ത് നിന്നും മാറ്റിയത്.