തിരുവനന്തപുരത്ത് കാര് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രികൻ മരിച്ചു
Saturday, August 30, 2025 12:30 AM IST
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനിൽ രതീഷ് കുമാർ (40) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്. കാഞ്ഞിരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങൾക്കു പിന്നിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനങ്ങൾ ഓടയിലേക്ക് തെറിച്ചുവീണു. ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷം കുറേ ദൂരം ഓടയ്ക്ക് മുകളിലൂടെ സഞ്ചരിച്ചാണ് കാർ നിന്നത്.
അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിൽ സഞ്ചരിച്ച വിഴിഞ്ഞം ചൊവ്വര സ്വദേശി മണിപ്രദീപിന് (60) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കുകളാണുള്ളത്. അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. കാർ ഓടിച്ച പാറശാല ഇഞ്ചിവിള സ്വദേശി ആസിഫിനെതിരെ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.