സ്വകാര്യബസുകളുടെ പെർമിറ്റ്: എതിർകക്ഷികൾക്കു നോട്ടീസ്
Saturday, August 30, 2025 4:02 AM IST
ന്യൂഡൽഹി: കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന് 140 കിലോമീറ്ററിൽ കൂടുതലോടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് നിഷേധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീംകോടതി പ്രതികരണം തേടി.
ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിലാണ് എതിർകക്ഷികൾക്കു സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അടുത്തതവണ വാദം കേൾക്കുന്പോൾ പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
140 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് 2023 മേയ് മാസത്തിലാണു സംസ്ഥാനസർക്കാർ പുറത്തിറക്കിയത്. ബന്ധപ്പെട്ട നിയമങ്ങൾപ്രകാരം ഉത്തരവ് ബാധകമായ കക്ഷികളുടെ എതിർപ്പുകൾ കേൾക്കാതെയും പരിഗണിക്കാതെയുമാണ് സർക്കാർ നടപടിയെന്നു ചൂണ്ടിക്കാട്ടി 2024 നവംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. പിന്നീട് സംസ്ഥാനസർക്കാരും ഗതാഗതവകുപ്പും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.