കോഴിക്കോട്ട് 30 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ
Saturday, August 30, 2025 7:05 AM IST
കോഴിക്കോട്: 30 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ.അരീക്കാട് നല്ലളം സ്വദേശികളായ അബ്ദുൾ സമദ്, അബ്ദുൾ സാജിദ്, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് സംഘത്തിന് നേരെ ആക്രമണകാരികളായ വേട്ടപ്പട്ടികളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പിടികൂടിയത്. അറസ്റ്റിലായ സമദും സാജിദും സഹോദരങ്ങളാണ്. കഴിഞ്ഞ വർഷം 18 കിലോഗ്രാം കഞ്ചാവുമായി ഇവരെ ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുവരും രാസലഹരി ഇടപാടുകൾ സജീവമാക്കുകയായിരുന്നു. ജയിലിൽ വച്ചാണ് സാജിദ് നദീറിനെ പരിചയപ്പെടുന്നത്. പിന്നീട് ലഹരിമരുന്ന് കച്ചവടത്തിനായാണ് നദീറിനെ സാജിദ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്.
പന്തീരാങ്കാവിലെ വാടക ഫ്ലാറ്റിന് സമീപത്ത് വെച്ച് ലഹരി ഇടപാടിനിടെയാണ് മൂന്ന് പേരെയും പിടികൂടിയത്. പോലീസ് താമസ സ്ഥലത്തെത്തിയപ്പോൾ പ്രതികൾ അപകടകാരികളായ റോട്ട് വീലർ, ജർമ്മൻ ഷെപ്പേർഡ് ഇനങ്ങളിൽപ്പെട്ട നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ, അതിസാഹസികമായി ഇവരെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടപടികൾക്ക് ശേഷം രാസലഹരി സംഘത്തെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി.