ആവേശപ്പോരിനൊരുങ്ങി പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
Saturday, August 30, 2025 9:34 AM IST
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും.
ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവർ അതിഥികളാകും.
തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലു മുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനല്‍.
71 വള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവിഭാഗത്തില്‍ 21 വള്ളങ്ങളുണ്ട്. ചുരുളൻ- മൂന്ന്, ഇരുട്ടുകുത്തി എ- അഞ്ച്, ഇരുട്ടുകുത്തി ബി- 18, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- അഞ്ച്, വെപ്പ് ബി- മൂന്ന്, തെക്കനോടി തറ- ഒന്ന്, തെക്കനോടി കെട്ട്- ഒന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ വള്ളങ്ങളുടെ എണ്ണം.