കണ്ണപുരം സ്ഫോടനം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
Saturday, August 30, 2025 11:05 AM IST
കണ്ണൂർ: കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമിച്ചിരുന്നത്. ഇതിന്റെ നിർമാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു.
ബോംബ് നിർമാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.