രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം: സിപിഐ വനിതാ നേതാവ്
Sunday, August 31, 2025 10:50 PM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്ന് സിപിഐ വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി. രാഹുൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം.
എന്നാൽ ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം നടത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധിയാണ് ശ്രീനാദേവി. തനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന രീതിയല്ല.
നിങ്ങൾക്ക് ആരാണ് ഇങ്ങനെ ഒരു ഉത്തരവാദിത്തം നൽകിയത്. പെൺകുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങൾക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയർത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയിൽ നിന്ന് ചാനൽ പിൻമാറണമെന്നും അവർ വ്യക്തമാക്കി.