ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിൽ എത്തിക്കും; കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, August 31, 2025 11:03 PM IST
ന്യൂഡൽഹി: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരത്തിന് പോയ മലയാളി സംഘം കുടുങ്ങിയ സംഭവത്തിൽ ഇടപെടലുമായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കുടുങ്ങിയ മലയാളികളെ തിങ്കളാഴ്ച തിരികെ എത്തിക്കുമെന്നും കുടുങ്ങിയവർക്ക് ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയതായും മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് അറിയിച്ചു.
മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖുവിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടൽ ഉണ്ടാവണമെന്ന് ഹിമാചൽ സർക്കാരിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹിമാചൽ സർക്കാരിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിവരുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഹിമാചൽ സർക്കാരിനോട് അഭ്യർഥിച്ചു.