സഞ്ജു തകർത്തടിച്ചു; സെമി ഉറപ്പിച്ച് കൊച്ചി
Sunday, August 31, 2025 11:23 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പിക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് മൂന്ന് വിക്കറ്റ് ജയം. സ്കോര്‍: ആലപ്പി 176/6, കൊച്ചി 178/7 (18.2). ആദ്യം ബാറ്റ് ചെയ്ത് ആലപ്പി ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം കൊച്ചി ഏഴ് വിക്കറ്റ് നഷ്ടത്തിൽ പത്ത് പന്ത് ബാക്കി നിര്‍ത്തി മറികടന്നു.
ടൂര്‍ണമെന്റില്‍ ആറാം ജയത്തോടെ കൊച്ചി സെമി ഉറപ്പിക്കുകയും ചെയ്തു. 41 പന്തില്‍ 83 റണ്‍സെടുത്ത സഞ്ജു സാംസണാണ് കൊച്ചിയുടെ ടോപ് സ്കോറര്‍. സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. ആദ്യ മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.
ആലപ്പിക്കായി രാഹുൽ ചന്ദ്രൻ, ജലജ് സക്സേന, എം.പി.ശ്രീരൂപ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്.
നാലാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ അൻപതിലെത്തി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 94 റൺസാണ് പിറന്നത്. 71 റൺസെടുത്ത ജലജ് സക്സേനയെ പി.എസ്.ജെറിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 42 പന്തുകളിൽ 11 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ജലജിന്റെ ഇന്നിംഗ്സ്.
ജലജ് മടങ്ങിയതോടെ അസറുദ്ദീൻ സ്കോറിംഗ് വേഗത്തിലാക്കി. 43 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 64 റൺസാണ് അസറുദ്ദീൻ നേടിയത്. കൊച്ചിക്കു വേണ്ടി കെ.എം.ആസിഫും പി.എസ്.ജെറിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.