ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി
Monday, September 1, 2025 3:01 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ ബ്രൈറ്റനാണ് സിറ്റിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് സിറ്റിയാണ്. 34-ാം മിനിറ്റിൽ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ ഗോളിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിപ്പിക്കുന്പോഴും സിറ്റി തന്നെയായിരുന്നു മുന്നിൽ.
എന്നാൽ രണ്ടാം പകുതിയിൽ ബ്രൈറ്റൺ മത്സരത്തിലേക്ക് തിരിച്ചുവന്നു. 67-ാം മിനിറ്റിൽ ജെയിംസ് മിൽനർ ബ്രൈറ്റനെ സിറ്റിക്കൊപ്പമെത്തിച്ചു. സിറ്റിക്ക് ലഭിച്ച പെനാൽറ്റി മിൻനൽ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 89-ാം മിനിറ്റിൽ ബ്രജൻ ഗ്രൂഡ വേണ്ടി ഗോൾ നേടിയതോടെ ബ്രൈറ്റൺ മുന്നിലെത്തിച്ചു. പിന്നീട് ഇരു ടീമിനും ഗോൾനേടാനായില്ല. ഒടുവിൽ 2-1 ന് മത്സരം അവസാനിച്ചു.
ബ്രൈറ്റൺ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മത്സരത്തിലെ വിജയത്തോടെ ബ്രൈറ്റണ് നാല് പോയിന്റായി. പോയിന്റ് ടേബിളിൽ ബ്രൈറ്റൺ പതിനൊന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ 13-ാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ സിറ്റി ടോട്ടനത്തോടാണ് പരാജയപ്പെട്ടത്.