ഗാസാ മുനമ്പിലേക്ക് സഹായവുമായി 20 ബോട്ടുകൾ പുറപ്പെട്ടു; ഇസ്രയേൽ ഉപരോധം ഭേദിക്കലും ലക്ഷ്യം
Monday, September 1, 2025 7:39 AM IST
ബാഴ്സിലോണ: മരുന്നും ഭക്ഷണ കിറ്റുകളും നിറച്ച 20 ബോട്ടുകൾ ഗാസാ മുനമ്പിലേക്ക് യാത്രതിരിച്ചു. യാത്രയുടെ അവസാന ഘട്ടത്തിൽ ഏകദേശം 70 ബോട്ടുകൾ പങ്കെടുക്കുമെന്ന് ‘ഗ്ലോബൽ സുമുദ് ഫ്ലോറ്റില്ല’ വക്താവ് സെയ്ഫ് അബുകഷെക് മാധ്യമങ്ങളോട് പറഞ്ഞു. ഗാസയ്ക്ക് വേണ്ട അത്യാവശ്യ സഹായം ഇതുവഴി എത്തിക്കാനാകുമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
ഗാസയ്ക്കെതിരെയുള്ള ഇസ്രയേൽ ഉപരോധം ഭേദിക്കാൻ ലക്ഷ്യമിട്ടാണ് അവശ്യ സാധനങ്ങളുമായി ബാഴ്സിലോണയിൽനിന്നുള്ള ബോട്ടുകൾ പുറപ്പെട്ടിട്ടുള്ളത്. 44 രാജ്യങ്ങളിൽ നിന്നുള്ള 20 ബോട്ടുകളും ഒട്ടേറെ പ്രതിനിധി സംഘങ്ങളുമാണ് കടൽ യാത്രയിലൂടെ ഗാസയിലേക്കെത്തുന്നത്.
ഗാസ മുനമ്പിലേക്കുള്ള യാത്രയിൽ വരും ദിവസങ്ങളിൽ ഇറ്റലിയിലെയും ടുണീഷ്യയിലെയും തുറമുഖങ്ങളിൽനിന്നുള്ള കൂടുതൽ കപ്പലുകൾ അവരോടൊപ്പം ചേരുമെന്ന് സംഘാടകർ പറയുന്നു. സെപ്റ്റംബർ 14 അല്ലെങ്കിൽ 15 ഓടെ കപ്പലുകൾ ഗാസയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.