വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
Monday, September 1, 2025 11:54 AM IST
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സർക്കാരിന് തിരിച്ചടി. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു.
വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽനിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തെന്നായിരുന്നു പോലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.