കുന്നംകുളത്തെ ഇടിമുറിമർദനം: പോലീസുകാരെ പിരിച്ചുവിടണമെന്ന് സണ്ണി ജോസഫ്
Friday, September 5, 2025 2:03 AM IST
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ മർദിച്ച പോലീസുകാരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും ക്രിമിനൽ കേസെടുത്തു കുറ്റകൃത്യത്തിനനുസരിച്ചുള്ള ശിക്ഷ നൽകണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
ആവശ്യമുന്നയിച്ച് പത്തിനു സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കുമുന്പിലും കോൺഗ്രസ് പ്രതിഷേധ ജനകീയസംഗമം നടത്തും.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റായ സുജിത്തിനെ മർദിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. പോലീസുകാർ നടത്തിയതു രക്ഷാപ്രവർത്തനമാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിമിനലുകളെപ്പോലെ മർദനം നടത്തിയ പോലീസുകാർ സേനയിൽ തുടരാൻ പാടില്ല. ഇവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം.
62,000 പോലീസുകാരുള്ള സേനയിൽ മൂന്നോ നാലോ പേർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനകീയവത്കരിക്കേണ്ടതുണ്ടോയെന്ന പ്രസ്താവന നടത്തിയതു ഡിഐജി എസ്. ഹരിശങ്കറിന്റെ നിലവാരമില്ലായ്മയാണു കാണിക്കുന്നത്. മർദനം നടത്തിയ പോലീസുകാർക്കെതിരേ എന്തു നടപടിയെടുത്തുവെന്നു ഡിഐജി പൊതുജനങ്ങളോടു വ്യക്തമാക്കണം.
സുജിത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്നും എത്രകൊടുത്താലും അതു മാനഹാനിക്കും മർദനത്തിനും പരിഹാരമാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.