സനായിൽ ബോംബാക്രമണം നടത്തി ഇസ്രയേൽ; 35 പേർ കൊല്ലപ്പെട്ടു
Thursday, September 11, 2025 1:00 AM IST
ജറുസലം: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. 35 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 30 നു സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണം ഉണ്ടായത്. അതേസമയം, സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്കു പുറപ്പെട്ട ഗ്ലോബൽ ഫ്ലോറ്റില്ല സംഘത്തിലെ ബോട്ടിനുനേരെ തുനീസിയ തീരത്തു രണ്ടാം വട്ടവും ഡ്രോൺ ആക്രമണമുണ്ടായി. എല്ലാവരും സുരക്ഷിതരാണെന്നു സംഘാടകർ പറഞ്ഞു. കഴിഞ്ഞദിവസം മറ്റൊരു ബോട്ടിനു നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു.
ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്താനും വ്യാപാരബന്ധങ്ങൾ ഭാഗികമായി മരവിപ്പിക്കാനും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ ആവശ്യപ്പെട്ടു. മുൻപു നെതന്യാഹുവിനെ പിന്തുണച്ചിരുന്ന നേതാവാണ് ഉർസുല. 27 അംഗ യൂറോപ്യൻ യൂണിയനിൽ പലസ്തീൻ വിഷയത്തിൽ കടുത്ത ഭിന്നതയാണുള്ളത്.