ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ വിയോജിപ്പ് അറിയിച്ച് ഇന്ത്യ
Thursday, September 11, 2025 1:38 AM IST
ന്യൂഡൽഹി: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോടുള്ള ശക്തമായ വിയോജിപ്പ് ഗൾഫ് രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ആക്രമണം മേഖലയിലെ സംഘർഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ഖത്തർ അമീർ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് നിലപാട് അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു.
എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളാണ് അടുത്തിടെയെല്ലാം നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ളത്. ഖത്തർ അമീർ ഡൽഹിയിലെത്തിയപ്പോൾ വിമാനത്തവളത്തിൽ നേരിട്ടെത്തി മോദി സ്വീകരിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൽ മൂന്നിൽ രണ്ടും വാങ്ങുന്നത് ഖത്തറിൽ നിന്നാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് എതിരായ നിലപാടാണ് ഇന്ത്യ ഇന്നലെ മൂന്നു വരി പ്രസ്താവനയിൽ സ്വീകരിച്ചത്.
മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പ് ഇന്ത്യ നൽകി. അപലപിക്കുന്നു എന്ന് പറഞ്ഞില്ലെങ്കിലും ആക്രമണത്തിൽ അതിയായ ആശങ്കയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേൽ ആക്രണമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളുടെ തുടർനീക്കം ഇന്ത്യ നിരീക്ഷിക്കുകയാണ്.