ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കിൽ ഹമാസ് നേതാക്കളെ അടുത്തവട്ടം വധിക്കുമെന്ന് ഇസ്രയേൽ; ഖത്തറിനു പിന്തുണയുമായി ലോകരാജ്യങ്ങൾ
Thursday, September 11, 2025 2:02 AM IST
ദുബായ്: ദോഹയിൽ നടത്തിയ ആക്രമണം ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കിൽ ഹമാസ് നേതാക്കളെ അടുത്തവട്ടം വധിക്കുമെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെഹിൽ ലൈത്തർ. ഇസ്രയേലിനെതിരായി ഉയരുന്ന വിമർശനങ്ങൾ അദ്ദേഹം തള്ളി.
അതേസമയം, സമാധാന ചർച്ചകൾക്കു മധ്യസ്ഥത തുടരുമെന്നു ഖത്തർ പ്രഖ്യാപിച്ചു. മധ്യസ്ഥ ചർച്ചകളിൽനിന്നു ഖത്തർ പിന്മാറിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇസ്രയേൽ ആക്രമണം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന യുഎസ് അവകാശവാദം ഖത്തർ തള്ളി. ആക്രമണം ആരംഭിച്ച് 10 മിനിറ്റിനു ശേഷമാണ് അമേരിക്ക വിവരങ്ങൾ കൈമാറിയതെന്നും വ്യക്തമാക്കി.
അതിനിടെ, ഖത്തറിനു പിന്തുണ അറിയിച്ച് യൂറോപ്യൻ യൂണിയൻ അടക്കം ലോകരാജ്യങ്ങൾ രംഗത്തെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു. യുഎഇ പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തുമും ഖത്തറിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജോർദാൻ കിരീടാവകാശി ഹുസൈൻ എന്നിവർ ഇന്ന് എത്തും. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഉൾപ്പെടെ അഞ്ച് നേതാക്കൾ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.