റഷ്യൻ ഡ്രോണുകൾ പോളണ്ട് വെടിവച്ചിട്ടു; യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക
Thursday, September 11, 2025 3:17 AM IST
വാഴ്സ: വ്യോമമേഖലയിലേക്ക് കടന്നുകയറിയ നാല് റഷ്യൻ ഡ്രോണുകൾ പോളണ്ട് വെടിവച്ചിട്ടു. നാറ്റോ സഖ്യസേന, നെതർലൻഡ്സ് വ്യോമസേന എന്നിവരും തങ്ങൾക്കൊപ്പം ആക്രമണത്തിൽ പങ്കെടുത്തെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞു.
ഇതാദ്യമായാണ് നാറ്റോസേന റഷ്യൻ ഡ്രോണുകളെ ആക്രമിക്കുന്നത്. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിൽനിന്നാണു പല ഡ്രോണുകളും വന്നതെന്നു പോളണ്ട് പറഞ്ഞു. റഷ്യയുമായി പോളണ്ടിന് നേരിട്ട് അതിർത്തിയില്ല. എന്നാൽ ബെലാറൂസും യുക്രെയ്നും പോളണ്ടിന്റെ അയൽരാജ്യങ്ങളാണ്.
റഷ്യൻ നീക്കം യാദൃച്ഛികമല്ലെന്നും മുൻകൂട്ടിയുള്ള പദ്ധതിപ്രകാരമാണെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ സെക്രട്ടറി കയ കല്ലാസ് ആരോപിച്ചു. എന്നാൽ പോളണ്ടിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യുക്രെയ്ന്റെ പ്രതിരോധകേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യംവച്ചതെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.