ഹോസ്റ്റൽ മുറിയിൽ റാഗിംഗിനിരയായി പത്താം ക്ലാസ് വിദ്യാർഥി
Thursday, September 11, 2025 6:45 AM IST
ബെംഗളൂരു: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥി ക്രൂരമായ റാഗിംഗിന് ഇരയായി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വച്ചാണ് 12-ാം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചത്.
വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ മൂന്ന് മുതൽ ആറു വരെ സ്ഥിരമായി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ റാഗിംഗിനിരയായതായി മാതാപിതാക്കൾ പറയുന്നു. റാഗിംഗ് നടന്നതിനു പിന്നാലെ ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പലിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ മാതാപിതാക്കൾ അറിയിച്ചു.
തുടർന്നാണ് പോലീസിൽ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയും ചെയ്തെന്ന് മാതാപിതാക്കൾ പറഞ്ഞു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.