ശബരിമല സ്വർണപ്പാളി അറ്റകുറ്റപ്പണി കേസ്; ഇന്ന് പുനപരിശോധന ഹർജി നൽകും
Thursday, September 11, 2025 7:46 AM IST
പത്തനംതിട്ട: അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശബരിമല ശ്രീകോവിലിലെ ദ്വാരപാല ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയില്‍ പുനപരിശോധന ഹർജി നൽകും. അഡ്വക്കേറ്റ് ജനറൽ കേസിൽ നേരിട്ട് ഹാജരാകും.
ശ്രീകോവിലിലെ ദ്വാരപാല ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ടുപോയതിനാൽ ഉടൻ തിരികെ എത്തിക്കണമെന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുക.
ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടിവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ എന്നിവരോട് വീഴ്ചയിൽ വിശദീകരണം നൽകണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹർജി കോടതി പരിഗണിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.