ആഗോള അയ്യപ്പ സംഗമം നടത്താം; ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ഹൈക്കോടതി
Thursday, September 11, 2025 3:04 PM IST
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്കി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിയത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്. പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ല. സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിക്ക് റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.