ഹൈദരാബാദിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി; സ്വർണവും പണവും കവർന്നു
Thursday, September 11, 2025 4:38 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ മധ്യവയസ്കയെ കൊലപ്പെടുത്തിയ ശേഷം മോഷണം. ഹൈദരാബാദിലെ സ്വാന് ലേക്ക് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.
50കാരിയയാ രേണു അഗര്‍വാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകര്‍ന്ന നിലയിലായിരുന്നു. കഴുത്തറുത്താണ് കൊലപാതകം ചെയ്തത്.
സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് തന്നെ കുളിച്ച് വസ്ത്രം മാറി മോഷ്ടാക്കള്‍ മുങ്ങി. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഈ സമയം നടക്കുമ്പോള്‍ രേണു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വൈകിട്ട് ഭര്‍ത്താവ് അഗര്‍വാള്‍ രേണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
സംശയം തോന്നിയ അഗര്‍വാള്‍ വീട്ടില്‍ എത്തി വാതിലില്‍ മുട്ടിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഒരു പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് രേണുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രേണുവിന്റെ കൈയും കാലും കെട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രെഷര്‍ കുക്കര്‍ ഉപയോഗിച്ച് തല അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. കത്തിയും കത്രികയും ഉപയോഗിച്ചാണ് കഴുത്തറുത്തിരിക്കുന്നത്.
വീട്ടില്‍ നിന്ന് 40ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്ന് തന്നെ കുളിച്ച മോഷ്ടാക്കള്‍ വസ്ത്രങ്ങളും മാറി. രക്തം പുരണ്ട വസ്ത്രങ്ങള്‍ മുറിയില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും പോലീസ് അറിയിച്ചു. രേണുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷ, സമീപവാസിയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന റോഷന് എന്നിവരാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇരുവരും അഗര്‍വാളിന്റെ വീട്ടില്‍ എത്തിയതിന്റെയും 5.02 ഓടെ മടങ്ങിപ്പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്നാകാം കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
കൊലയ്ക്ക് ശേഷം ഇരുവരും ബൈക്കില്‍ റാഞ്ചിയിലേക്ക് കടന്നതായും പോലീസ് പറഞ്ഞു. കോല്‍ക്കത്തയിലെ ഒരു ഏജന്‍സി വഴി പത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഹര്‍ഷ, അഗര്‍വാളിന്റെ വീട്ടില്‍ ജോലിക്കെത്തിയത്. സംഭവത്തില്‍ കുക്കാട്പള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് തെളിവുകളും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.