റഷ്യ - യുക്രെയ്ൻ യുദ്ധം; ഇന്ത്യൻ പൗരൻമാർ വിട്ടുനിൽക്കണമെന്നു വിദേശകാര്യ മന്ത്രാലയം
Friday, September 12, 2025 2:37 AM IST
ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാർ റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. യുക്രെയ്നിലെ യുദ്ധക്കളത്തിൽ 15 ഇന്ത്യക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നതായുള്ള പത്രവാർത്തകൾക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
റഷ്യൻ സൈന്യത്തിലേക്ക് അടുത്തിടെ ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ്. നിരവധി തവണ കേന്ദ്ര സർക്കാർ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. റഷ്യൻ സൈന്യത്തിൽ ചേരുന്നതിനുള്ള എല്ലാ വാഗ്ദാനങ്ങളിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരോടും അഭ്യർഥിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
2024 ഓഗസ്റ്റ് 10ന് ഡൽഹിയിലെ റഷ്യൻ എംബസി ഇന്ത്യക്കാരെ ഇനി റിക്രൂട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദ്യാർഥി വിസകളിലോ സന്ദർശക വിസകളിലോ റഷ്യയിലേക്ക് പോയ ഇന്ത്യക്കാരാണ് സൈന്യത്തൽ ചേർന്ന് യുക്രെയ്ൻ യുദ്ധമുഖത്തുള്ളതെന്നാണ് വിവരം. 2024 ജൂലൈയിൽ മോസ്കോ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതോടെയാണ് എംബസി അധികൃതരുടെ ഉറപ്പ് ലഭിച്ചത്.