പൊതുസ്ഥലത്ത് തെരുവ് നായകൾക്ക് ഭക്ഷണം നൽകിയാൽ 10,000 രൂപ പിഴ
Friday, September 12, 2025 4:53 AM IST
ചണ്ഡീഗഡ്: പൊതുസ്ഥലത്ത് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദേശിച്ചു. ഡൽഹി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീംകോടതി കർശനമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
പുതുതായി തയാറാക്കിയ പെറ്റ് ആൻഡ് കമ്യൂണിറ്റി ഡോഗ്സ് ബൈലോസ് 2025 പ്രകാരം ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു.
ഈ സ്ഥലങ്ങളിൽ അല്ലാതെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവരെ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ പിഴ ഈടാക്കും. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണകൂടം ഈ നിയമം വിജ്ഞാപനം ചെയ്താൽ ഇത് പ്രാബല്യത്തിൽ വരും.