നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം; ആഘോഷവുമായി ബിജെപി
Friday, September 12, 2025 5:03 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം. ആത്മനിർഭർ ഭാരത് എന്നീ പ്രമേയങ്ങളിലൂന്നിയുള്ള പരിപാടികളാണ് നടത്തുന്നത്.
ഈ മാസം 17 നാണ് മോദിയുടെ ജന്മദിനം. 17ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സേവ പഖ്വാഡ എന്ന പേരിലായിരിക്കും പരിപാടി.
തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദർശനം, വികസിത് ഭാരത് എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടൽ, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പ്, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളാണ് നടത്തുന്നത്.
കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.