ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
Friday, September 12, 2025 2:29 PM IST
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കൈയടിച്ച് പാസാക്കുകയായിരുന്നു.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിംഗ് പ്രസിഡന്റുമാണ്.
സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്നു വൈകുന്നേരം ആലപ്പുഴ ബീച്ചിൽ തയാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലാണ് പൊതുസമ്മേളനം. വോളണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം ഡി. രാജ ഉദ്ഘാടനം ചെയ്യും.
അതേസമയം, സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ വെട്ടിനിരത്തലാണുണ്ടായത്. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന് വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലത്തു നിന്നുള്ള ജി.എസ്. ജയലാല്‍ എംഎല്‍എയെ ഇത്തവണയും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താകുന്നത്.
മിക്ക ജില്ലകളില്‍ നിന്നും നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വര്‍ധിപ്പിച്ചത്. എക്സിക്യൂട്ടിവ് അംഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി.