വിവാഹ അഭ്യർഥന നിരസിച്ചു; പാലക്കാട്ട് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി, യുവാവ് അറസ്റ്റിൽ
Friday, September 12, 2025 6:48 PM IST
പാലക്കാട്: നെന്മാറയിൽ വിവാഹ അഭ്യർഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. സ്വകാര്യ ബസ് ജീവനക്കാരനായ മേലാർകോട് സ്വദേശി ഗിരീഷ് ആണ് അക്രമം നടത്തിയത്.
നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഒന്നരവർഷം മുമ്പ് യുവതി വിദേശത്ത് ജോലിക്ക് പോയി. നാട്ടിൽ അവധിക്ക് വന്ന യുവതിയോട് ഗിരീഷ് വിവാഹകാര്യം സംസാരിച്ചു. എന്നാൽ ബസ് ഡ്രൈവർ ആയ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഗിരീഷ് നൽകിയ മൊഴി.
ഗിരീഷിന്റെ കൈയിൽ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിൽ എത്തിയ ഗിരീഷ് കിടപ്പുമുറിയിൽ ഉണ്ടായിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതുതടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനെയും കത്തി കൊണ്ട് വെട്ടുകയായിരുന്നു.
പരിക്കേറ്റവരെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആലത്തൂർ പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.