സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി
Friday, September 12, 2025 8:11 PM IST
കാഠ്മണ്ഡു: നേപ്പാളിൽ സംഘർഷം തുടരുന്നതിനിടെ മുൻ ചീഫ് ജസ്റ്റീസ് സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാവും. ഇന്ന് രാത്രി ഒൻപതിന് തന്നെ സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ജെൻ സി യുവാക്കളുടെ പ്രക്ഷോഭത്തിനു പിന്നാലെയാണ് നേപ്പാളിൽ മറ്റൊരു രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.
ജെൻ സികൾ സുശീല കർക്കിയെ ഇടക്കാല സർക്കാരിനെ നയിക്കാൻ തെരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ സുശീല കർക്കി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജെൻ സികളുടെ തീരുമാനമെന്നാണ് വിവരം.
കാഠ്മണ്ഡു മേയർ ബാലൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് സുശീലയുടെ പേര് ഉയർന്നത്.
സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങിയ ജെൻ സി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും സർക്കാരിലെ മറ്റ് മന്ത്രിമാരും പ്രസിഡന്റും രാജിവച്ചിരുന്നു.