ഓൺലൈൻ ട്രേഡ് തട്ടിപ്പ്; ഡോക്ടറിൽ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ
Friday, September 12, 2025 9:59 PM IST
കണ്ണൂർ: ഓൺലൈൻ ട്രേഡിലൂടെ ഡോക്ടറിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിൽ എറണാകുളം അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദ് (41) ആണ് അറസ്റ്റിലായത്.
ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. ഓരോ തവണ നിക്ഷേപം നടത്തുമ്പോഴും വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിച്ചു.
തുടർന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പ്രതികൾ വീണ്ടും പണം വാങ്ങി. പലതവണ ശ്രമിച്ചിട്ടും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.