ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
Saturday, September 13, 2025 3:02 AM IST
മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 146 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 158 റൺസിൽ ഓൾഓട്ടാവുകയായിരുന്നു. 41 റൺസെടുത്ത നായകൻ എയ്ഡൻ മാർക്രവും 32 റൺസെടുത്ത ബിജോൺ ഫോർട്ടുയ്നും 23 റൺസ് വീതമെടുത്ത ട്രിസ്റ്റൺ സ്റ്റബ്സും ഡോണോവൻ ഫെരേരയും പൊരുതിയെങ്കലും മത്സരം വിജയിപ്പിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. സാം കരണും ലിയാം ഡോവ്സണും വിൽ ജാക്ക്സും ഓരോ വിക്കറ്റ് വീതവും ആദിൽ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 304 റൺസെടുത്തത്. ഫിൾ സാൾട്ടിന്റെയും ജോസ് ബട്ട്ലറുടെയും നായകൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഫിൾ സാൾട്ട് സെഞ്ചുറിയും ജോസ് ബട്ട്ലർ അർധ സെഞ്ചുറിയും നേടി. 141 റൺസാണ് സാൾട്ട് എടുത്തത്. 60 പന്തിൽ 15 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. ബട്ട്ലർ 83 റൺസാണ് സ്കോർ ചെയ്തത്. 30 പന്തിൽ എട്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ബട്ട്ലറിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 41 റൺസെടുത്ത നായകൻ ഹാരി ബ്രൂക്കിന്റെയും 14 പന്തിൽ 26 റൺസെടുത്ത ജേക്കബ് ബെതലിന്റെയും ഇന്നിംഗ്സുകളും കൂറ്റൻ സ്കോറിലേക്കെത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബിജോൺ ഫോർടുയ്ൻ രണ്ട് വിക്കറ്റെടുത്തു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.