പലസ്തീൻ പ്രശ്നം: യുഎൻ പൊതുസഭയിൽ ദ്വിരാഷ്ട്ര പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
Saturday, September 13, 2025 4:32 AM IST
വാഷിംഗ്ടൺ ഡിസി: പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. ഫ്രാൻസ് യുഎൻ പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. അടുത്തകാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിന്നിരുന്ന ഇന്ത്യ ഇത്തവണ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ഗാസയിലെ മുൻ നിലപാടിൽ നിന്നുള്ള മാറ്റമായി.
ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ അനുകൂലിച്ചു. ഗൾഫിലെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.
എന്നാൽ ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച ഭാവിയുണ്ടാകാനും ഉതകുന്ന നടപടികൾ സ്വീകരിക്കാനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.