ടിവികെ നേതാവ് വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും
Saturday, September 13, 2025 7:09 AM IST
ചെന്നൈ: അടുത്തവർഷം നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയെന്ന് ലക്ഷ്യത്തോടെ ടിവികെ നേതാവ് വിജയ് നയിക്കുന്ന ആദ്യ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും. തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റാണ് ഉദ്ഘാടന വേദി.
രാവിലെ 10.30ന് തിരുച്ചിറപ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന പര്യടനം എല്ലാ ജില്ലകളിലും എത്തി കുടുംബാംഗങ്ങളെ കാണുമെന്ന് സാമൂഹികമാധ്യമ സന്ദേശത്തിൽ വിജയ് പറഞ്ഞു. ‘നിങ്ങളുടെ വിജയ് ഇതാ വരുന്നു' എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പര്യടനത്തിന്റെ ലോഗോ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.
പര്യടനത്തിനും പൊതുയോഗങ്ങൾക്കും കർശന ഉപാധികളോടെയാണ് തമിഴ്നാട് പോലീസ് അനുമതി നൽകിയിരിക്കുന്നത്. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 വരെ തുടരും. ശനിയാഴ്ചകളിലും ഏതാനും ഞായറാഴ്ചകളിലുമാണ് പര്യടനവും പൊതുസമ്മേളനങ്ങളും നടക്കുന്നത്.
ആദ്യദിനം തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റ് പോലീസ് സ്റ്റേഷനടുത്തുള്ള ഗാന്ധി പ്രതിമയ്ക്കു സമീപത്താണ് പൊതുസമ്മേളനം. അന്നുതന്നെ പെരമ്പലൂർ, അരിയാലൂർ ജില്ലകളിലും പൊതുയോഗമുണ്ടാവും. ഡിസംബർ 20ന് മധുരയിലാണ് സമാപന സമ്മേളനം.