പ്രധാനമന്ത്രി മണിപൂരിൽ; കനത്ത സുരക്ഷയിൽ സംസ്ഥാനം
Saturday, September 13, 2025 12:47 PM IST
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപൂരിൽ എത്തി. വിമാനമാർഗം ഇംഫാലിലെത്തിയ പ്രധാനമന്ത്രി, റോഡ് മാർഗം കുക്കി സ്വാധീന മേഖലയായ ചുരാചന്ദ്പ്പുരിലയ്ക്ക് പുറപ്പെട്ടു.
ഇംഫാലിൽ പ്രധാനമന്ത്രിയെ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും സ്വീകരിച്ചു. സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. മണിപൂരിലെത്തുന്ന മോദി കുക്കി-മെയ്തെയ് വിഭാഗങ്ങളെ സന്ദർശിക്കും.
നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും ചുരാചന്ദ്പൂർ ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മിസോറാമിലെ പുതിയ റെയിൽ പാത ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുമ്പോഴാണ് അതുവഴി മണിപൂർ സന്ദർശിക്കുന്നത്. പദ്ധതികളിൽ, ഇംഫാലിലെ മന്ത്രിപുഖ്രിയിൽ 101 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മണിപ്പൂർ പോലീസ് ആസ്ഥാനവും 538 കോടി രൂപ ചെലവിൽ നിർമിച്ച സിവിൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.